
മനുഷ്യജീവിതം നശ്വരമാണെങ്കിൽ പോലും ഓർമ്മകൾ അനശ്വരങ്ങളാണ്.എങ്കിലും ചിലത് ഓർത്തെടുക്കുന്നത് കഠിനം.ചിലതോ,മറക്കുവാൻ പ്രയാസം.ജീവിതത്തിന്റെ തിരക്കുകളിൽ എല്ലാം മറന്നാലും,കുറച്ചു സമയം ഒറ്റക്കിരുന്നാൽ മതി..നിഷ്പ്രയാസം ഓർമ്മകളുടെ ചെപ്പു തുറക്കാൻ...അവ മിന്നാമിനുങ്ങുകൾ പോലെ പാറിനടക്കട്ടെ...
കാൻസർ ഹോസ്പിറ്റൽ ആയതിനാലാവാം മരണത്തെക്കുറിച്ച് ഇത്ര ആഴത്തിൽ ഉള്ള അറിവ് എനിക്കു കിട്ടിയത്.അവിടെ എത്തും വരെ പ്രണയത്തിന്റെ അല്പായുസ്സും,സുഹൃത്ബന്ധങ്ങളുടെ ആഴവും ആയിരുന്നു മനസ്സിൽ....ജീവിതത്തിന്റെ ക്ഷണികത എന്തെന്നു എനിക്ക് ആദ്യമായി മനസിലാക്കിത്തന്നത് ആസ്പത്രിവാസമായിരുന്നു.വിറങ്ങലിച്ചു നിർജ്ജീവങ്ങളായ ശരീരങ്ങൾ,ചുറ്റും കൂടിനിന്നു അലമുറയിടുന്ന ബന്ധുജനങ്ങൾ.മരണം അടുത്തെത്തിയാലും,ജീവൻ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിൽ കഴിയുന്നവർ.....
മനുഷ്യനേയും,പണത്തെയും മാനിക്കാത്തത് രണ്ടു പേർ മാത്രം..ഈശ്വരനും,മരണവും.മരണത്തെ കാത്തിരിക്കുന്നവരിൽ മൂന്നു തരമുണ്ട്.ഒന്ന്,ജീവിതത്തെയും,ദൈവത്തെയും,രോഗത്തെയും പഴിച്ച് ജീവിതം തള്ളിനീക്കുന്നവർ.അടുത്തത്,തരുന്നതെല്ലാം ഈശ്വരൻ അറിഞ്ഞാണെന്ന ഉറച്ചവിശ്വാസമുള്ളവർ.മോക്ഷം കിട്ടാൻ പ്രാർത്ഥിക്കുന്നവർ.അവസാനത്തത്,മരണം തൊട്ടു മുന്നിൽ വന്നാലുംപുഞ്ചിരിയോടെ നേരിടുന്നവർ.അവർക്ക് മരണം ഒരു യാത്ര മാത്രം.അസാമാന്യ വ്യക്തികൾ ആയിരിക്കും ഇവർ...
മനംമടുപ്പിക്കുന്ന പതിവുകാഴ്ച്ചകൾക്കിടയിൽ നിന്നാണ് ഒരു പുതുമുഖത്തെ കാണുന്നത്..സാധാരണയായി രോഗികളുടെ മുഖത്തു കാണുന്ന നിസംഗതയോ,നിരാശയോ ഞാൻ അയാളിൽ കണ്ടില്ല.നല്ലൊരു ഗായകൻ കൂടി ആയിരുന്നു അയാൾ.എപ്പൊഴും പാട്ടു പാടിക്കൊണ്ടിരിക്കും.സുന്ദരനായ ചെറുപ്പക്കാരൻ.ചിരിക്കുന്ന മുഖം.വൃദ്ധരായ മാതാപിതാക്കൾ,ഒത്തിരി വർഷത്തെ വഴിപാടുകൾക്കും,നേർച്ചകൾക്കും ഫലമായി കിട്ടിയതാവാം ഈ മകനെ...പക്ഷെ രോഗത്തിന്റെ പരവശത വല്ലാതെ അലട്ടിയിരുന്നെങ്കിലും കുഴിഞ്ഞു തുടങ്ങിയ ആ കണ്ണുകൾക്ക് വല്ലാത്ത തിളക്കമായിരുന്നു.രക്തം എടുക്കാനായി ഞരമ്പുകളിലേക്ക് സൂചി ആഴ്ന്നിറങ്ങുമ്പൊഴും,ചിരിച്ചുകൊണ്ടയാൾ പാടി.കയ്യിലെയും,കാലിലെയും,കൺപീലിയിൽ നിന്നു പോലും രക്തം പൊടിയുന്നുണ്ടായിരുന്നു.മരണം പടിവാതിൽക്കൽ എത്തിയതിന്റെ ലക്ഷണം.ഇടക്ക് വേദന സഹിക്കാനാവാതെ ഞരങ്ങിയാലും പാടുന്നത് നിർത്തിയില്ല.പലരും ഇത് കാണാനാവാതെ കരയും.
പിന്നീട് ഞാൻ അങ്ങോട്ടു പോയില്ല.പോവാൻ ധൈര്യം വന്നില്ല അതാണു സത്യം.രോഗം വല്ലാതെ മൂർച്ഛിച്ചിരുന്നു.ഒരാഴ്ച കഴിഞ്ഞു കാണും.കൂട്ടുകാരി പറഞ്ഞാണ് അറിഞ്ഞത്.ആ പാട്ടു പാടണ ചേട്ടൻ ഇല്ലേ? അങ്ങേരു ഇന്നലെ മരിച്ചു.അവസാന നിമിഷം വരെ കരയാതെ,മറ്റുള്ളവരെ ആശ്വസിപ്പിച്ചു,പാട്ടു പാടി പുഞ്ചിരിക്കുന്ന ആ മുഖം മനസിൽ തെളിഞ്ഞു വന്നു.ഹൃദയത്തിൽ ദു:ഖത്തിന്റെ ഒരു നീറ്റൽ തോന്നി.എങ്കിലും അറിയാതെ ഞാൻ കാതോർത്തു നിന്നു,നിലച്ചു പോയ ഗാനത്തിനായി...പക്ഷേ കേട്ടത് ഏകമകനെ നഷ്ടപ്പെട്ട വൃദ്ധമാതാപിതാക്കളുടെ തേങ്ങലായിരുന്നുവോ?ഈശ്വരൻ ഒത്തിരി ഇഷ്ടപ്പെട്ടിരിക്കാം ആ ഗാനം..അതാവാം വേഗം തിരിച്ചു വിളിച്ചത് ...അല്ലെ?

6 comments:
ദൈവം തിരിച്ചുവിളിച്ചതാവാം...
"മകനേ... ഞാന്‍ നിനക്കരുളുന്നു ജീവന്,
മരണത്തിലൂടെയെന്നരികില് വെരൂ നീ..."
കണ്പീലികളില് നിന്നുപോലും രക്തം പൊടിയുമ്പോള്‍ മരണത്തെ നോക്കി പുഛിച്ചുകുണ്ട് പാട്ടുപാടുന്ന ആ ധൈര്യശായിലുടെ കഥ....(ഇത് അനുഭവകഥയല്ലേ ?)മനസ്സില്‍ തട്ടി.
ആശംസകള്‍
ഇത് ഒരു അനുഭവകഥയാണ്....
നമുക്കറിയാത്ത എത്രയോ തരം വേദനകള്‍ ഉണ്ട് ഈ ലോകത്തില്‍...
നല്ല പോസ്റ്റ്...നന്നായിരിക്കുന്നു...മനസ്സില്‍ തട്ടി..
എന്താണെന്നു അറിയില്ല എന്തോ ഒരു ദുഃഖം ഇതു വായിച്ചപ്പൊള്‍....മരണതേ പുഞ്ചിരിയൊടേ നേരിടുന്നു എന്നു നമ്മള് വിചാരിക്കുന്ന അവര്‍ ശരിക്കും ആ പുഞ്ചിരിയില്‍ കൂടെ എന്തൊകേ വേദനകള്‍ ആകും കടിച്ചമ്മര്ത്തുന്നതു....!!!
liked it so much :)
"മനുഷ്യജീവിതം നശ്വരമാണെങ്കിൽ പോലും ഓർമ്മകൾ അനശ്വരങ്ങളാണ്."
മനസ്സിൽ തട്ടുന്ന അനുഭവകഥ. ആ ഗായകന്റെ ആത്മാവിനു നിത്യശാന്തി ലഭിയ്ക്കട്ടേ.
Post a Comment