Monday, July 28, 2008

പ്രിയഗായകൻ....






മനുഷ്യജീവിതം നശ്വരമാണെങ്കിൽ പോലും ഓർമ്മകൾ അനശ്വരങ്ങളാണ്‌.എങ്കിലും ചിലത്‌ ഓർത്തെടുക്കുന്നത്‌ കഠിനം.ചിലതോ,മറക്കുവാൻ പ്രയാസം.ജീവിതത്തിന്റെ തിരക്കുകളിൽ എല്ലാം മറന്നാലും,കുറച്ചു സമയം ഒറ്റക്കിരുന്നാൽ മതി..നിഷ്‌പ്രയാസം ഓർമ്മകളുടെ ചെപ്പു തുറക്കാൻ...അവ മിന്നാമിനുങ്ങുകൾ പോലെ പാറിനടക്കട്ടെ...



കാൻസർ ഹോസ്പിറ്റൽ ആയതിനാലാവാം മരണത്തെക്കുറിച്ച്‌ ഇത്ര ആഴത്തിൽ ഉള്ള അറിവ്‌ എനിക്കു കിട്ടിയത്‌.അവിടെ എത്തും വരെ പ്രണയത്തിന്റെ അല്പായുസ്സും,സുഹൃത്‌ബന്ധങ്ങളുടെ ആഴവും ആയിരുന്നു മനസ്സിൽ....ജീവിതത്തിന്റെ ക്ഷണികത എന്തെന്നു എനിക്ക്‌ ആദ്യമായി മനസിലാക്കിത്തന്നത്‌ ആസ്പത്രിവാസമായിരുന്നു.വിറങ്ങലിച്ചു നിർജ്ജീവങ്ങളായ ശരീരങ്ങൾ,ചുറ്റും കൂടിനിന്നു അലമുറയിടുന്ന ബന്ധുജനങ്ങൾ.മരണം അടുത്തെത്തിയാലും,ജീവൻ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിൽ കഴിയുന്നവർ.....



മനുഷ്യനേയും,പണത്തെയും മാനിക്കാത്തത്‌ രണ്ടു പേർ മാത്രം..ഈശ്വരനും,മരണവും.മരണത്തെ കാത്തിരിക്കുന്നവരിൽ മൂന്നു തരമുണ്ട്‌.ഒന്ന്,ജീവിതത്തെയും,ദൈവത്തെയും,രോഗത്തെയും പഴിച്ച്‌ ജീവിതം തള്ളിനീക്കുന്നവർ.അടുത്തത്‌,തരുന്നതെല്ലാം ഈശ്വരൻ അറിഞ്ഞാണെന്ന ഉറച്ചവിശ്വാസമുള്ളവർ.മോക്ഷം കിട്ടാൻ പ്രാർത്ഥിക്കുന്നവർ.അവസാനത്തത്‌,മരണം തൊട്ടു മുന്നിൽ വന്നാലുംപുഞ്ചിരിയോടെ നേരിടുന്നവർ.അവർക്ക്‌ മരണം ഒരു യാത്ര മാത്രം.അസാമാന്യ വ്യക്തികൾ ആയിരിക്കും ഇവർ...



മനംമടുപ്പിക്കുന്ന പതിവുകാഴ്ച്ചകൾക്കിടയിൽ നിന്നാണ്‌ ഒരു പുതുമുഖത്തെ കാണുന്നത്‌..സാധാരണയായി രോഗികളുടെ മുഖത്തു കാണുന്ന നിസംഗതയോ,നിരാശയോ ഞാൻ അയാളിൽ കണ്ടില്ല.നല്ലൊരു ഗായകൻ കൂടി ആയിരുന്നു അയാൾ.എപ്പൊഴും പാട്ടു പാടിക്കൊണ്ടിരിക്കും.സുന്ദരനായ ചെറുപ്പക്കാരൻ.ചിരിക്കുന്ന മുഖം.വൃദ്ധരായ മാതാപിതാക്കൾ,ഒത്തിരി വർഷത്തെ വഴിപാടുകൾക്കും,നേർച്ചകൾക്കും ഫലമായി കിട്ടിയതാവാം ഈ മകനെ...പക്ഷെ രോഗത്തിന്റെ പരവശത വല്ലാതെ അലട്ടിയിരുന്നെങ്കിലും കുഴിഞ്ഞു തുടങ്ങിയ ആ കണ്ണുകൾക്ക്‌ വല്ലാത്ത തിളക്കമായിരുന്നു.രക്തം എടുക്കാനായി ഞരമ്പുകളിലേക്ക്‌ സൂചി ആഴ്‌ന്നിറങ്ങുമ്പൊഴും,ചിരിച്ചുകൊണ്ടയാൾ പാടി.കയ്യിലെയും,കാലിലെയും,കൺപീലിയിൽ നിന്നു പോലും രക്തം പൊടിയുന്നുണ്ടായിരുന്നു.മരണം പടിവാതിൽക്കൽ എത്തിയതിന്റെ ലക്ഷണം.ഇടക്ക്‌ വേദന സഹിക്കാനാവാതെ ഞരങ്ങിയാലും പാടുന്നത്‌ നിർത്തിയില്ല.പലരും ഇത്‌ കാണാനാവാതെ കരയും.




പിന്നീട്‌ ഞാൻ അങ്ങോട്ടു പോയില്ല.പോവാൻ ധൈര്യം വന്നില്ല അതാണു സത്യം.രോഗം വല്ലാതെ മൂർച്ഛിച്ചിരുന്നു.ഒരാഴ്ച കഴിഞ്ഞു കാണും.കൂട്ടുകാരി പറഞ്ഞാണ്‌ അറിഞ്ഞത്‌.ആ പാട്ടു പാടണ ചേട്ടൻ ഇല്ലേ? അങ്ങേരു ഇന്നലെ മരിച്ചു.അവസാന നിമിഷം വരെ കരയാതെ,മറ്റുള്ളവരെ ആശ്വസിപ്പിച്ചു,പാട്ടു പാടി പുഞ്ചിരിക്കുന്ന ആ മുഖം മനസിൽ തെളിഞ്ഞു വന്നു.ഹൃദയത്തിൽ ദു:ഖത്തിന്റെ ഒരു നീറ്റൽ തോന്നി.എങ്കിലും അറിയാതെ ഞാൻ കാതോർത്തു നിന്നു,നിലച്ചു പോയ ഗാനത്തിനായി...പക്ഷേ കേട്ടത്‌ ഏകമകനെ നഷ്‌ടപ്പെട്ട വൃദ്ധമാതാപിതാക്കളുടെ തേങ്ങലായിരുന്നുവോ?ഈശ്വരൻ ഒത്തിരി ഇഷ്‌ടപ്പെട്ടിരിക്കാം ആ ഗാനം..അതാവാം വേഗം തിരിച്ചു വിളിച്ചത്‌ ...അല്ലെ?

Thursday, July 24, 2008

കൊലയാളികൾ....




ഭയക്കുന്നു ഞാൻ ഇന്നിന്റെ കൊലയാളികളെ,

വെറുക്കുന്നു ഞാൻ വ്യത്യാസമില്ലാതെ പോരടിക്കും,വലതിനേയും,ഇടതിനേയും!

അന്ധവിശ്വാസത്താൽ വെറിപൂണ്ട മതഭ്രാന്തിനേയും..


മനുഷ്യരക്തം ഊറ്റിക്കുടിക്കാൻ ദാഹിച്ച പിശാചുക്കളേ..

മടുക്കുന്നില്ലെ നിങ്ങൾക്കീ അരും കൊലകൾ?


തകർത്തുടച്ചു നിഷ്‌കളങ്ക ബാല്യം,കൗമാരം എല്ലാം,

കൊലവിളി മുഴക്കി,കോടാലി വെച്ചു ഗുരുക്കന്മാർക്കു നേർ,


പിടഞ്ഞു വീണു ജീവനുകൾ,അംഗഹീനരായി..

കേട്ടു ഞാൻ ഉയിരിനായ്‌ കെഞ്ചും തേങ്ങലുകൾ,

മരണത്തെ കാത്തിരിക്കും ഞരക്കങൽ‌,


മാറ്റി നിങ്ങൾ കശ്മലരെ,കലാലയത്തെ കലാപഭൂമി..

ഓടിയൊളിച്ചു ഞാൻ,സ്വാർത്ഥമോഹത്താൽ,

നിർവ്വികാരതയെന്ന മൂടുപടം അണിഞ്ഞു!


എങ്കിലും കൊതിക്കുന്നു ഞാനൊരുപാട്‌...

വലിച്ചെറിയാനീ മൂടുപടം ഭയലേശമില്ലാതെ......

(അവസാനിപ്പിക്കുവിൻ ഈ ചോരക്കുരുതി...അവസാനിപ്പിക്കുവിൻ കലാപരാഷ്ട്രീയം)

Tuesday, July 22, 2008

നിനക്കായ്‌ മാത്രം...!!


എനിക്ക്‌ മാത്രമാണെന്നു കരുതിയൊരാ ചുടുചുംബനങ്ങള്‍,
എനിക്ക്‌ വേണ്ടി മാത്രം തന്ന സ്നേഹസമ്മാനം,
കൊരിച്ചൊരിയും മഴപോല്‍,എനിക്ക്‌ മേല്‍ -
പെയ്തിറങ്ങിയ എന്‍റ്റെ പ്രണയമെ...
മൃദുമന്ദഹാസത്തിൻ മലർവ്വാടി ,
എനിക്കായ്‌ തീർത്ത എൻ പ്രണയമെ,

നിന്നെ ഞാൻ പ്രണയിച്ചിരുന്നു!!!

നിനക്കു വേണ്ടി പാടിയ,
നിനക്കായ്‌ മാത്രം ജീവിച്ചു തീർത്ത പ്രണയനിമിഷങ്ങൾ,
നിനക്കായ്‌ മാത്രം,നിന്നെ പ്രണയിക്കാൻ..
പ്രണയിനികൾ`ആയിരമുണ്ടെന്നു ഞാൻ അറിഞ്ഞില്ല...!

എനിക്ക്‌ നേർ ആർത്തട്ടഹസിക്കും എൻ ഭൂതകാലമേ,
വീണ്ടും തിരിച്ചു തരുമൊ,നീയെനിക്കെന്നുടെ നഷ്ടപ്രണയം..
നിനക്കു വേണ്ടി കരഞ്ഞ ദിനരാത്രങ്ങൾ`
കണ്ണുനീരിനും ശ്വേതവർണ്ണമെന്നറിഞ്ഞ നാളുകൾ`
മറക്കുവാനാവില്ലൊരിക്കലും` എൻ` പ്രിയതോഴാ...
ചതിതൻ കറുത്ത കൈകൾ കൊണ്ടെറിഞ്ഞു നീയെന്നെ..
അന്ധകാരത്തിൻ വിജനമാം വഴിയിലൂടലറിക്കരഞ്ഞു-
ഞാനെൻ പ്രണയത്തിനായി...!
കരഞ്ഞിടട്ടെ ഞാൻ,
എനിക്ക്‌ നഷ്ടമായ ആ വർഷമേഘത്തിനായ്‌...
ഇനിയും നിനക്കായ്‌ മാത്രം ഞാൻ പാടിടും...
മരിച്ചു പോയ എൻ പ്രണയത്തിനായി,
വീണ്ടുമൊരു ജന്മത്തിനായ്‌...
നിനക്കായ്‌ മാത്രം.......!!

Wednesday, July 16, 2008

സ്വപ്നങ്ങൾ

എന്നും സ്വപ്നം കാണുവാനാശിച്ചിരുന്നു ഞാൻ,


പൂവു തേടി പാറിനടക്കും പൂമ്പാറ്റയെപോൽ.


സ്വപ്നം തൻ വർണ്ണചിറകിലേറി പറക്കുവാൻ കൊതിച്ചു ഞാൻ


മോഹങ്ങളാം സങ്കൽപ്പചിറകിലേറി,


പ്രതീക്ഷയാം ഉയരങ്ങളിൽ വാനത്ത്‌ എൻ കുഞ്ഞിചിറകിളക്കി ഞാൻ പറന്നു!!


കണ്ടു ഞാനെൻ കുറുമ്പുകൾ,പ്രണയം,ഇണക്കം,പിണക്കം...


പിന്നെയെൻ കൊച്ചു കൊച്ചു സ്വപ്നങ്ങൾ,


സ്വപ്നങ്ങളെ നോക്കി ഞാൻ പുഞ്ചിരിക്കവെ,


ഇടിമുഴക്കം കേട്ടു ഞാൻ നടുങ്ങി,


കൊടുങ്കാറ്റിനാൽ തകർന്നുപോയി എൻ കുഞ്ഞിചിറകുകൾ,


പറക്കുവാനാവില്ലൊരിക്കലും എനിക്കു വാനിൽ,പ്രതീക്ഷയാൽ!


ഇരുട്ടിൽ വീണു ഞാൻ തകർന്ന ചിറകുമായ്‌,


ദു:ഖത്തിൻ അഗാധഗർത്തത്തിൽ....


ആരും കേട്ടില്ലയെൻ കുഞ്ഞിനൊമ്പരങ്ങൾ.......

Thursday, July 10, 2008

ഒരു തുടക്കം...

ഒരുപാട്‌ സ്വപ്നങ്ങള്‍...
ഒരുപിടി ദുഖങ്ങള്‍, സുഖങ്ങള്‍...
ഒപ്പം, ഒരു പിടി പ്രതീക്ഷകളും.
ആശങ്കയേറി ഞാന്‍ നിലതെറ്റി വീഴവേ,
ഈറനാകുന്നുവെന്‍ കണ്ണുകള്‍...
ഒരു തുള്ളിവീഴാതെ,
ഒട്ടും വിതുമ്പാതെ,
മാറിനില്‍ക്കുന്നൊരീറന്മേഘം പോല്‍...